Saturday, October 25, 2008

എന്റെ സൂര്യകാന്തിപ്പുവേ...

മനസില്‍ നീയുള്ളിടത്തോളം കാലം എന്റെസ്വപ്നങ്ങള്‍ക്ക് സപ്തവര്‍ണ്ണങ്ങളായിരിക്കും.ഓടിക്കിതച്ചെത്തിയ നിന്റെനെറ്റിയിലെ വിയര്‍പ്പുതുള്ളികളൊപ്പിയെടുത്ത് നെറുകയിലമര്‍ത്തിച്ചുംബിച്ചതും, വിടപറയുംമുന്‍പൊരു വിടര്‍ന്നചിരിയില്‍ നിന്‍ ഗദ്ഗതമൊതുക്കിയതും, പിന്നെ മുഖംപൊത്തിക്കരഞ്ഞതും.....എല്ലാം, എല്ലാമെന്റെ സ്വപ്നങ്ങളിലോരോവര്‍ണ്ണങ്ങളായിപ്പെയ്തിറങ്ങും. അത് വേനലറുതിയിലെ ചാറ്റല്‍മഴപോലെയാകാം, എരിവെയിലത്തൊരു കാറ്റാടിമരത്തണലാകാം.....അതെ, എന്നുംനീയെനിക്കൊരു സൗമ്യമായ അനുഭൂതിയാണ്. എന്നിട്ടും, എന്നിട്ടുമെന്തിനുനീയാപ്പിച്ചകപ്പൂക്കളെനിക്കെറിഞ്ഞുതന്നൂ....?എന്തിനു നീയാ നടവഴിയില്‍നിന്നോടിമറയുന്നൂ...? നീ പറഞ്ഞ നിന്റെ സ്വപ്നങ്ങളിലിന്നും ഞാനാവെളുത്തകുതിരക്കാരനോ...? എന്റെ സൂര്യകാന്തിപ്പൂവേ...നിനക്കു നോക്കിയിരിക്കാന്മാത്രമെരിയുന്നസൂര്യനാണോ ഞാന്‍...?

Tuesday, September 30, 2008

വീണ്ടും

"U dont write blog nowadays?" എന്ന് ഇന്നലെയൊരാള്‍ചോദിച്ചപ്പോളാണ് ഞാനോര്‍ത്തത് , കുറേക്കാലമായി ഞാനെന്തെങ്കിലും എഴുതിയിട്ട് . ഉറക്കമില്ലാതെ കമ്പ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്ന്, കിട്ടിയ നൈറ്റ് ഡ്യൂട്ടിയെ അറിയാവുന്നതെറിയെല്ലാം വിളിച്ച് ,നാട്ടില്‍ പാറിപ്പറന്നുനടന്നിരുന്നതും , വീട്ടില്‍ തലകുത്തിമറിഞ്ഞിരുന്നതുമെല്ലാമോര്‍ക്കുമ്പോളാണ് പലതും എഴുതിയിട്ടുള്ളത് . പിന്നെ ഇപ്പൊ വായിക്കാനുള്ളസമയംകിട്ടാത്തതുകൊണ്‍ട് ആ ഇന്‍സ്പിരേഷനും ഇല്ല . ഇങ്ങനെയൊക്കെ ആണെന്നു പറയാനാണ് ട്ടോ എനിക്കിഷ്ട്ടം . അല്ലാതെ എഴുതാനുള്ളതുമുഴുവന്‍ നിന്നെക്കുറിച്ചായതുകൊണ്ടുള്ള ചമ്മലുകൊണ്ടൊന്നും അല്ലാട്ടോ...

Sunday, May 04, 2008

അവളിന്നും നിന്നെക്കുറിച്ച് ...

അവളിന്നും നിന്നെക്കുറിച്ചു ചോദിച്ചു ട്ടോ... സന്തോഷം വന്നാലും, സങ്കടം വന്നാലും, വഴക്കുപറഞ്ഞാലും, വാശിപിടിക്കുമ്പോഴും എല്ലാം അവള്‍ നിന്നെക്കുറിച്ചു ചോദിച്ചോണ്ടേയിരിക്കും... പുത്തനുടുപ്പിട്ട് കണ്ണാടിയില്‍ പോലുംനോക്കാതെ ഇന്നവള്‍ എന്റടുത്തേക്കു നടന്നുവന്നപ്പോള്‍ എനിക്കറിയാമായിരുന്നു അതു നിന്നെക്കുറിച്ച് ചോദിക്കാനാവുമെന്ന്, അവളുടെ അമ്മയെക്കുറിച്ച് ചോദിക്കാനായിരിക്കുമെന്ന് ...

Saturday, April 19, 2008

സാരല്ല്യാ ട്ടോ...

കവിളിലൂടൊഴുകിയിറങ്ങിയ കണ്ണീര്‍ക്കണങ്ങളില്‍ ചുണ്ടുചേര്‍ത്തൊപ്പിയെടുക്കാനാണ് നിന്നെ ഞാന്‍ കരയിപ്പിച്ചിരുന്നത്...അടര്‍ന്നു വീഴുന്ന ഗദ്ഗദങ്ങള്‍ മാറോടുചേര്‍ത്തില്ലാതാക്കാനാണ് നിന്നെ ഞാന്‍ വേദനിപ്പിച്ചിരുന്നത്...വാടിത്തളര്‍ന്ന നിന്റെമുഖം ചേര്‍ത്തുപിടിച്ച് "സാരല്ല്യാ ട്ടോ" എന്നു പറയുമ്പോഴാണ് നീയെന്നെ ഏറ്റവുംകൂടുതല്‍ സനേഹിക്കുക എന്നുഞാന്‍ വ്യാമോഹിച്ചുപോയി...

Saturday, March 08, 2008

ആ സ്വപ്നം...

ഒരു സ്വപ് നമുണ്ടായിരുന്നു മനസില്‍...രാത്രിയില്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രക്കൂട്ടങ്ങളിലേക്കുനോക്കിനില്‍ക്കുന്നതും, പുഞ്ചിരിയാല്‍ പ്രകാശം പരത്തുന്ന അവക്കിടയിലേക്ക് ഞാനീശരീരമില്ലാതെ പറന്നുചെല്ലുന്നതും, താഴെ നീലനിലാവില്‍കുളിച്ചുനില്‍ക്കുന്ന മരങ്ങളും പുഴയും കുന്നിന്‍പുറവും കണ്ടുനില്‍ക്കുന്നതും, അവക്കിടയില്‍ മാനം നോക്കിനില്‍ക്കുന്ന എന്നെത്തന്നെനോക്കി കണ്ണിറുക്കിക്കാണിക്കുന്നതും എല്ലാം...എല്ലാമായി ഒരു സ്വപ്നമുണ്ടായിരുന്നു മനസില്‍...

Saturday, February 09, 2008

ഞാനും.....

അവധിക്കാലങ്ങളില്‍നിന്നും അവധിക്കാലങ്ങളിലേക്കുള്ള കാത്തിരിപ്പാവുന്നു ജീവിതം. സത്യത്തില്‍ ജീവിതം അവധിക്കാലത്തോ അതോ...ആ, അറിയില്ല. മരവിച്ച മനസുമായി മരുഭൂമിയില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക് മതിമറന്നാഖോഷിക്കാനും പറന്നുനടക്കാനും വര്‍ഷത്തില്‍‍മാത്രം കിട്ടുന്ന ഒരവധിക്കാലം. കേട്ടുമാത്രം പരിചയമുള്ള ആ അവധിക്കാലത്തിലേക്ക് ഞാനും നടന്നടുക്കുന്നു. വര്‍ണ്ണങ്ങളുടെ ഒരു പെരുമഴയാവുമോ, അതോ പൊള്ളുന്ന സത്യങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാകുമോ എന്റെ അവധികാലം... അറിയില്ല. സ്വപ്‌നങ്ങളുടെ ബാണ്ഡക്കെട്ടും തലയിലേറ്റി ഞാനും....

Thursday, February 07, 2008

എന്റെ ദേഷ്യം

"എനിക്കൊരിക്കലും ദേഷ്യം വരില്ല... എനിക്കാരോടും അങ്ങനെ ദേഷ്യം തോന്നാറില്ല... നിങ്ങളെപ്പോലെ, ദേഷ്യപ്പെടില്ലെന്നു പറഞ്ഞ് എപ്പോളും ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആളല്ല ഞാന്‍." ഈയടുത്തകാലത്ത് ഞാന്‍ കേട്ട ഏറ്റവും ദേഷ്യപ്പെട്ടുകൊണ്ടുള്ള വാക്കുകളായിരുന്നു അത്. സ്വരവും ഭാവവും ഹൃദ്ദ്യമായിരുന്നെങ്കിലും വാക്കുകള്‍ക്കിടയിലൂടെ തീപോലെ ജ്വലിക്കുന്ന ദേഷ്യം എനിക്കുകാണാമായിരുന്നു. ആ ജ്വാലയില്‍ എന്റെ മുഖം കൂടുതല്‍ വിവര്‍ണ്ണമായിരുന്നു...